സമൂഹ നന്മയും ജനക്ഷേമവും ലക്ഷ്യമാക്കിയ ബാനം ഗ്രാമത്തിലെ ഒരുകൂട്ടം വിജ്ഞാന കുതുകികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1956 ല്‍ ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ബാനം ഗവണ്‍മെന്റ്സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .ബാനം ചെരപ്പാറ എന്ന സ്ഥലത്ത് ചെരക്കര അമ്പു നായര്‍ താല്‍ക്കാലികമായി നല്‍കിയ സ്ഥലത്ത് ചെരക്കര കോരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ താല്‍ക്കാലികമായ ഷെഡ്ഡില്‍ ബാനം ഗവണ്‍മെന്റ്എല്‍ പി സ്കൂള്‍ പിറവിയെടുത്തു.അവികസിതവും വനനിബിഡവുമായ ബാനം പ്രദേശത്ത് സ്ഥാപിതമായ ആദ്യത്തെ എല്‍ പി സ്കൂള്‍ അന്നത്തെ തലമുറയ്ക്ക് ഉത്സവച്ഛായ പകര്‍ന്ന സംഭവമായിരുന്നു.
1980 ല്‍ ബാനം എല്‍ പി സ്കൂള്‍ ബാനം യു പി സ്കൂളായി ഉയര്‍ത്തി. 2014 ല്‍ ആര്‍ എം എസ് എ പദ്ധതിയുടെ കീഴില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2017-18 വര്‍ഷത്തില്‍ മറ്റു ഗവ.ഹൈസ്കൂളുകളോടൊപ്പമുള്ള പദവിയിലെത്തി.അതോടെയാണ് ഹെഡ്‌മാസ്റ്റര്‍ തസ്തികയും ഹൈസ്കൂള്‍ വിഭാഗത്തിലെ മുഴുവന്‍ തസ്തികകളും അനുവദിച്ചത്.ശ്രീ രഘു മിന്നിക്കാരനായിരുന്നു ബാനം ഗവ.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍.2018 ല്‍ കാസര്‍ഗോഡ് പാക്കേജില്‍ അനുവദിച്ച 8 മുറികളുള്ള പുതിയ രണ്ടുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.
ബാനത്തെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വളര്‍ച്ചയ്ക്ക് നിദാനമായ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി തലയെടുപ്പോടെ ബാനം ഗവണ്‍മെന്റ്ഹൈസ്കൂള്‍ പരിലസിക്കുന്നു.ഇനിയും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറായി പ്രതിസന്ധികളെ മറികടന്ന് ഈ സരസ്വതീ ക്ഷേത്രം മുന്നേറുകയാണ്.
പരിമിതികള്‍ക്കുള്ളിലും ബാനം ഗവ. ഹൈസ്കൂള്‍ നമ്മുടെ സബ്‌ജില്ലയിലെ മറ്റു ഹൈസ്കൂളുകളേക്കാള്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ്. തുടര്‍ച്ചയായി രണ്ടു വര്‍ഷവും 100 % വിജയം നേടിക്കൊണ്ടാണ് സ്കൂളില്‍നിന്ന് എസ്എസ്എല്‍സി ബാച്ചുകള്‍ പുറത്തിറങ്ങിയത് .സ്കൂളിന്റെ എല്ലാതരത്തിലുള്ള വിജയത്തിന്റെ പിന്നിലും ഇവിടുത്തെ നല്ലവരായ നാട്ടുകാര്‍,സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍,ക്ലബ്ബുകള്‍, കുടുംബശ്രീകള്‍ , പുരുഷ സംഘങ്ങള്‍,സേവന തല്‍പരരായ അധ്യാപകര്‍,പ്രവാസികള്‍ തുടങ്ങിയവരുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളുണ്ട്.
No comments:
Post a Comment